കൊമ്മേരി (കണ്ണൂർ): ഏതാനും കർഷകരുടെ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ വന്ന വനം വകുപ്പ് ഒടുവിൽ കൊമ്മേരിയിലെ വീടുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കുകയും പതിനൊന്ന് മരങ്ങളുടെ ചില്ലകൾ വെട്ടിനീക്കുകയും ചെയ്തു. കൊമ്മേരിയിൽ വനം വകുപ്പിൻ്റെ കൈവശ സ്ഥലത്ത് വളർന്നു നിന്ന മരങ്ങൾ തങ്ങളുടെ വീടുകൾക്ക് ഭീഷണിയാണെന്നും അവ മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും നൽകി. രണ്ട് വർഷത്തിൽ അധികമായി നിരവധി അപേക്ഷകൾ നൽകിയിട്ടും വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് നാട്ടുകാർ കോളയാട് പഞ്ചായത്തിനും ജില്ലാ കലക്ടർക്കും മന്ത്രിമാർക്കും മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജയ്ക്കും പഞ്ചായത്ത് മുതൽ സംസ്ഥാനം വരെ ഭരിക്കുന്ന സി പി എം നും പരാതികൾ നൽകി. വീട്ടുകാർ ബഹുഭൂരിപക്ഷവും സി പി എം കാർ ആയിരുന്നതിനാൽ പാർട്ടി ഭാരവാഹികളേയും നേതാക്കളേയും സമീപിച്ചു. എന്നിട്ടും വനംവകുപ്പിനെ കൊണ്ട് മരം മുറപ്പിക്കാൻ ആരും ശ്രമിച്ചില്ല.ഒടുവിൽ സാക്ഷാൽ പിണറായി വിജയൻ നയിച്ച നവകേരള സദസ്സിലും വിഷയം അവതരിപ്പിച്ചു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല വനം വകുപ്പ് ധാർഷ്ട്യത്തോടെ നിലപാട് തുടർന്നു. ഒടുവിൽ സഹികെട്ട കർഷകർ ആഗസ്റ്റ് 15 നും തിരുവോണത്തിനും എടയാറിലുള്ള വനം റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എന്നാൽ സി പി എം സമരത്തിന് എതിരെ നിലപാട് സ്വീകരിക്കുകയും പ്രതിഷേധിച്ച പാർട്ടിയംഗങ്ങൾക്ക് എതിരെ നടപടികൾക്ക് ആലോചിക്കുകയും ചെയ്തു. ചിലർ പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിവാകാൻ കത്ത് കൊടുത്തതോടെ പാർട്ടി പിൻ വാങ്ങി. ഭരണമുണ്ടായിട്ടും ആറ് മരം വെട്ടിമാറ്റാൻ കഴിയുമായിരുന്നിട്ടും പാർട്ടി തന്നെ നേരിട്ട് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. സമരം നടത്തി, ചർച്ചയും നടത്തി. 10 ദിവസത്തിനകം മരം മുറിച്ചുമാറ്റുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ പത്തും ഇരുപതും കഴിഞ്ഞിട്ടും മരം വെട്ടാൻ വനം വകുപ്പോ വെട്ടിക്കാൻ പാർട്ടിയോ ശ്രമിച്ചില്ല. നാട്ടുകാർ കടുത്ത സമരത്തിന് നീങ്ങുന്നതായി അറിയിച്ചതോടെ 25-ാം ദിവസം വനം വകുപ്പ് തന്നെ മരങ്ങൾ വെട്ടി നീക്കി. ഇത് കോളയാട് പഞ്ചായത്തിലെ മാത്രം പ്രശ്നമല്ല. പലയിടത്തും ഇത്തരം അപകടകരമായ മരങ്ങൾ ഉണ്ട്. പക്ഷെ വനം വകുപ്പ് ഒരു പ്രത്യേക ഭരണഘടനയൊക്കെ ഉള്ളതുപോലെയാണ് നാട്ടുകാരെ നേരിടാൻ ശ്രമിക്കുന്നതെന്ന ആരോപണം ശക്‌തമാണ്. അത്തരം വകുപ്പിനോട് മൃദുസമീപനവുമായാണ് എല്ലാ കക്ഷികളും നടക്കുന്നത്. ഉദ്യോഗസ്ഥതോന്നിയ വാസത്തെ പ്രതിരോധിച്ച കൊമ്മേരിയിലെ സാധാരണ കർഷകർ ഒടുവിൽ വിജയിച്ചു. മറ്റിടങ്ങളിലും ജനങ്ങൾ നിലപാട് മാറ്റേണ്ടതുണ്ട്.
The forest department fell headlong in the popular struggle. Finally the trees in Kommeri were cut down. Locals cheered by bursting firecrackers.